This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിപ്പിള്‍ അലയന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിപ്പിള്‍ അലയന്‍സ്

ത്രിരാഷ്ട്ര സഖ്യം. ഇവയില്‍ പ്രധാനപ്പെട്ടത് ജര്‍മനി, ആസ്റ്റ്രിയ-ഹംഗറി, ഇറ്റലി എന്നീ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒന്നാം ലോകയുദ്ധത്തിന് മുമ്പ് നിലനിന്നിരുന്ന സഖ്യമായിരുന്നു. 1879 ഒ.-ല്‍ ജര്‍മനിയും ആസ്റ്റ്രിയ-ഹംഗറിയും ചേര്‍ന്നുണ്ടാക്കിയ ദ്വികക്ഷി സഖ്യം 1882 മേയ് മാസത്തില്‍ ഇറ്റലിയേയും കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചതാണ് ട്രിപ്പിള്‍ അലയന്‍സ് (ത്രികക്ഷി സഖ്യം). ഇതിനെതിരായി ഫ്രാന്‍സും ഇംഗ്ലണ്ടും റഷ്യയും തമ്മില്‍ നിലനിന്ന നയതന്ത്ര ധാരണയായിരുന്നു ത്രികക്ഷി സൗഹൃദം (Triple Entente). ഒന്നാം ലോകയുദ്ധംവരെ നീണ്ടുനിന്ന ട്രിപ്പിള്‍ അലയന്‍സ് മൂന്നു രാഷ്ട്രങ്ങള്‍ക്കുമായി ഒരു പരസ്പര പ്രതിരോധ സംവിധാനമാണ് ഉണ്ടാക്കിയിരുന്നത്. റഷ്യന്‍-ഫ്രഞ്ച് ആക്രമണങ്ങളില്‍ നിന്നും പ്രസ്തുത ഉടമ്പടി ജര്‍മനിക്ക് സംരക്ഷണം നല്‍കി. ആസ്റ്റ്രിയ - ഹംഗറിയും റഷ്യയും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഇറ്റലിയുടെ നിഷ്പക്ഷത ഉറപ്പുവരുത്താനും ഇറ്റലിക്കുനേരെ ഫ്രാന്‍സിന്റെ ആക്രമണത്തില്‍ ജര്‍മനിയുടെയും ആസ്റ്റ്രിയ - ഹംഗറിയുടെയും സംരക്ഷണം ഇറ്റലിക്ക് ഉറപ്പുവരുത്താനും കഴിഞ്ഞു.

ഉടമ്പടി കൂടെക്കൂടെ അവലോകനം ചെയ്യപ്പെട്ടിരുന്നു. 1915 വരെ ഈ ഉടമ്പടി തുടര്‍ന്നു. എന്നാല്‍ ഒന്നാം ലോകയുദ്ധത്തില്‍ ഇറ്റലി ആംഗ്ലോ ഫ്രഞ്ച് സഖ്യത്തോടൊപ്പം ചേര്‍ന്നതോടെ ഉടമ്പടി പൊളിഞ്ഞു. ആസ്റ്റ്രിയ - ഹംഗറി ഗവണ്‍മെന്റ് ഏകപക്ഷീയമായി ഉടമ്പടി ലംഘിച്ചുവെന്നായിരുന്നു ഇറ്റലിയുടെ പരാതി. സെര്‍ബിയയ്ക്കുമേല്‍ ആസ്റ്റ്രിയക്കുള്ള അവകാശവാദം നേരത്തേ ഇറ്റലിയെ അറിയിച്ചിരുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. 1914 ജൂല. 23-ന് ആസ്റ്റ്രിയ സെര്‍ബിയയെ ആക്രമിച്ചപ്പോള്‍ ഇറ്റലി കരാറില്‍നിന്നും പിന്‍വാങ്ങി. 1915 മേയ് മാസത്തില്‍ ഇറ്റലി ട്രിപ്പിള്‍ അലയന്‍സിനെ പൂര്‍ണമായി തള്ളിപ്പറഞ്ഞു. തുടര്‍ന്ന് ഇറ്റലി, ആസ്റ്റ്രിയ- ഹംഗറിയോട് യുദ്ധം പ്രഖ്യാപിക്കുകയും ട്രിപ്പിള്‍ അലയന്‍സിനെതിരായി നിലനിന്നിരുന്ന ത്രികക്ഷി സൗഹൃദത്തോടൊപ്പം ചേരുകയും ചെയ്തു. നോ: ട്രിപ്പിള്‍ ആന്റന്റ്.

2. ഇംഗ്ലണ്ടും ഹോളണ്ടും (നെതര്‍ലന്‍ഡ്സ്) സ്വീഡനും ചേര്‍ന്ന് 1668-ല്‍ ഒരു ത്രിരാഷ്ട്ര സഖ്യമുണ്ടാക്കിയിരുന്നു. ഫ്രാന്‍സിന്റെ അക്കാലത്തെ മുന്നേറ്റം തടയുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍, ഇതിനെ നിഷ്പ്രഭമാക്കുന്ന തരത്തില്‍, ഇംഗ്ലണ്ടിലെ രാജാവായ ചാള്‍സ് രണ്ടാമനും ഫ്രാന്‍സിലെ ലൂയിയും തമ്മില്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സിന് അനുകൂലമായ മറ്റൊരു ഉടമ്പടി ഉണ്ടാക്കി. അതനുസരിച്ച് നെതര്‍ലന്‍ഡ്സില്‍ ഫ്രാന്‍സിനുള്ള താത്പര്യങ്ങളില്‍ ഇംഗ്ലണ്ട് ഇടപെടുകയില്ലെന്ന് ഉറപ്പുകൊടുത്തു.

3. ഇംഗ്ലണ്ടും ഫ്രാന്‍സും ഹോളണ്ടും ചേര്‍ന്ന് 1717-ല്‍ ഉണ്ടാക്കിയ സഖ്യം. സ്പെയിനുമായുള്ള അവകാശത്തര്‍ക്കം സംബന്ധിച്ച കാര്യങ്ങളായിരുന്നു ഇതിലെ മുഖ്യ വിഷയം. 1718-ല്‍ ആസ്റ്റ്രിയയും കൂടി ഇതോടൊപ്പം ചേര്‍ന്നതോടെ ഇതൊരു ക്വോഡ്രപ്പ്ള്‍ (quadruple) സഖ്യമായി (നാലു രാജ്യങ്ങള്‍ ചേര്‍ന്നത്) മാറി. 4. അര്‍ജന്റീന, ഉറുഗ്വേ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഒരു ട്രിപ്പിള്‍ അലയന്‍സും ഉണ്ട്. പരാഗ്വേയുമായി 1865 മുതല്‍ 70 വരെയുള്ള യുദ്ധം നടത്തുന്നതിനായുള്ള സഖ്യമായിരുന്നു ഇത്.

(ഡോ. വി. മുരളീധരന്‍ നായര്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍